Wednesday, October 21, 2009

ഫസ്റ്റ് പ്രൈസ്

ദത്തനെ ഒരു കുട്ടിയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിക്കു കൊണ്ടുപോയി. അവിടെ ഒരു രസത്തിനു കുട്ടികള്‍ക്ക് ഒരു ഡാന്‍സ് കോമ്പറ്റീഷന്‍ നടത്തി. ദത്തനും അങ്ങനെ ആദ്യമായി ഡാന്‍സ് ഫ്ലോറില്‍ കയറി. മത്സരം കഴിഞ്ഞപ്പോള്‍ നാലംഗ ജൂറി സമ്മാനം ദത്തനു കൊടുത്തു- വലിയ പ്രഗത്ഭരായ ഡാന്‍സു പഠിച്ച മുതിര്‍ന്ന കുട്ടികള്‍ ഒക്കെയുണ്ടായിട്ടും. എന്താണിവന്റെ സൂത്രം?

ഡാന്‍സ് ഫ്ലോറില്‍ ചെറിയ കുട്ടികള്‍ വീഴുമ്പോല്‍ എഴുന്നേല്പ്പിക്കാനും സാധനങ്ങള്‍ കുട്ടികളുടെ കൈ തട്ടി വീഴുമ്പോള്‍ അതില്‍ ആരും ചവിട്ടി തെന്നാതെ എടുത്തുമാറ്റാനും ഒക്കെ പാട്ടിനിടയില്‍ പല തവണ ദത്തന്‍ ഡാന്‍സ് നിര്‍ത്തിയത്രേ, മറ്റുകുട്ടികള്‍ അതൊന്നും ശ്രദ്ധിച്ചേയില്ല.

അങ്ങനെ ഫ്ലോറിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ദത്തന്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.

ധൈര്‌


ചുമ്മാതിരുന്നു ബോറ് അടിക്കുന്നു. കുറച്ചു 'ധൈര്‌' വാങ്ങിച്ചു കഴിച്ചാലോ


കിട്ടിപ്പോയി. അടിച്ചു ഫിനിഷ് ആക്കാം.


ഈ സ്പൂണ്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വലിയ പാടാണല്ലോ.


ഛായ് ഇതെന്തൊരു മിനക്കേട്.


ഇതു തന്നെ നടപ്പുള്ള വഴി. ഇങ്ങനെ കഴിക്കരുതെന്ന് തൈരു ഡബ്ബയില്‍ എഴുതിയിട്ടൊന്നുമില്ലല്ലോ.

Thursday, August 6, 2009

ബുഗായ് ഓഫ് ആള്‍ ട്രേഡ്സ്

ഠേ, ക്ലീം, ക്ലാങ്ങ്....
നീ എന്തു കണ്ടാലും നശിപ്പിക്കുമല്ലോ ദത്താ!
ആ. ദത്തന്‍ നശിപ്പിക്കുമല്ലോ ബുഗായാ മോനേ (ബുഗായ്= ഗുഡ് ബോയ്. യൂസേജ് "ജാക്കി ചാന്‍ കുങ് ഫൂ ബുഗായ് ആണു മോനേ" )

സ്റ്റാറിന്റെ സ്ഥാനം

കടയില്‍ പോയി ഞാനും ദത്തനും കൂടി ഒരു നക്ഷത്രം വാങ്ങിച്ചു. വീട്ടില്‍ കൊണ്ടുവന്നു കഴിഞ്ഞപ്പോല്‍ അവന്‌ ഇഷ്ടമുള്ള സ്ഥലത്ത് വയ്ക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു.
"ഈ സ്റ്റാര്‍ എവിടെ വയ്ക്കണം ദത്താ?"
അവന്‍ ജനലിലൂടെ ആകാശത്തോട്ട് ചൂണ്ടി
"അവടെ വയ്ക്കാം മോനേ."

സ്റ്റാറിന്റെ സ്ഥാനം അറിയാത്ത ഒരച്ഛന്‍.

Sunday, July 19, 2009

സ്കൂളും വീടും

ദത്തനെ മൂന്നു വയസ്സില്‍ പ്ലേ സ്കൂളില്‍ അയക്കാം എന്നു വച്ചു. ഇപ്പോഴേ തയ്യാറെടുപ്പിക്കേണ്ടേ.

"ദത്താ സ്കൂളി പോകണ്ടേ മോനേ?"
"സ്കൂളി പോണ്ട മോനേ."
"ദത്തന്‍ പിന്നെ എന്തു ചെയ്യും?"
"ദത്തന്‍ അമ്മേ നോക്കും മോനേ." (അമ്മേ നോക്കും എന്നാല്‍ അമ്മയെ കാത്തു സൂക്ഷിച്ചോളും എന്നൊന്നുമില്ല, അമ്മയുടെ കൂടെ ഇരിക്കും എന്നേയുള്ളു)

ടൈഗറിനെക്കാള്‍ മോശക്കാരനോ?

വാ പൊളിച്ചിരിക്കുന്ന ടൈഗറിന്റെ ക്ലോസ് അപ്പ്. എന്നാ ഗ്ലാമറാ.
"അച്ഛാ ടൈഗര്‍ പല്ലു കണ്ടോ മോനേ."
"ടൈഗറിനു മീശയുണ്ടോ മോനേ?"
"ടൈഗര്‍ മീശയുണ്ട് മോനേ."
"അച്ചനു മീശയുണ്ടോ മോനേ?"
"അച്ച മീശയുണ്ട് മോനേ"
"ദത്തനു മീശയുണ്ടോ മോനേ?"
അതൊരു കുറച്ചിലായിപ്പോയി. ടൈഗറിനു മീശയുണ്ട്, അച്ഛനും മീശയുണ്ട്.
"ദത്ത മീശയില്ല മോനേ."

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദത്തന്‍ ഓടി വന്നു.
"ദത്ത മീശ തലേല്‍ ഒണ്ട് മോനേ."

ടേക് ദ ബോള്‍ ബുഗായ്!


ദത്തന്‍ സെന്റന്‍സസ് തനിയേ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. ഐഡിയകള്‍ എങ്ങനെയും എക്സ്പ്രസ് ചെയ്തേ മതിയാവൂ.

ഇന്നു രാവിലേ നടത്തിയ പ്രഖ്യാപനം- "ദത്തന്‍ ടേക്ക് ദ ബോള്‍ ബുഗായ് ആണു മോനേ" എന്ന്.
ടേക്ക് ദ ബോള്‍ = ബാസ്കറ്റ് ബോള്‍. ബുഗായ് = ഗുഡ് ബോയ്. അതായത് ദത്തന് ‍ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ ആണെന്ന്.

ടേക്ക് ദ ബോള്‍ കമ്പം

ദത്തന്‍ വീട്ടില്‍ കുത്തിപ്പിടിച്ച് ഇരിപ്പായതുകാരണം ഇടയ്ക്കൊക്കെ ഗെയിം പാര്‍ക്കുകളില്‍ കൊണ്ടുപോകാറുണ്ട്. അതില്‍ വച്ചാണ്‌ ബാസ്കറ്റ് ബോള്‍ എന്ന പരിപാടി കണ്ടത്. കാര്‍ഡ് അടിച്ചിട്ട് "ടേക്ക് ദ ബോള്‍" എന്നു പറഞ്ഞതുകാരണം അവനു കളിയുടെ പേര്‍ "ടേക്ക് ദ ബോള്‍" എന്നായി.

പല കളികളില്‍ ഒന്ന്, അത്രയേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച ഒരു വഴിക്ക് പോകുമ്പോള്‍ ക്രേസി ഡങ്കേര്‍സ് ഷോ കണ്ടു ഞാനും അവനും. ആകെ ആരാധന ആയിപ്പോയി.
"അങ്കിള്‍ ചാടും, ദത്തനു പറ്റത്തില്ല മോനേ, അച്ചനും പറ്റത്തില്ല മോനേ"

തിരിച്ചു വന്നു, എന്നെക്കൊണ്ട് ഒരു ചെറിയ ബാസ്കറ്റ് വീട്ടില്‍ ഫിറ്റ് ചെയ്യിച്ചു. ദിവസം നാലഞ്ചു മണിക്കൂര്‍ പരിശീലനം. അങ്കിളിനെപ്പോലെ ചാടാന്‍ പറ്റിയാലോ.

ബോള്‍ കശേര


ദത്തനു ടോയ്സ് ആര്‍ അസ് എന്താണോ അതാണ്‌ എനിക്ക് എയ്സ് ഹാര്‍ഡ്‌വെയര്‍ ഹൈപ്പര്‍മാര്‍ട്ട്. എന്റെ കളിപ്പാട്ടങ്ങള്‍- സ്പാനര്‍ സെറ്റ്, സ്ക്രൂഡ്രൈവര്‍, പ്ലയേര്‍സ്, സോള്‍ഡറിങ്ങ് അയണ്‍, ഡ്രില്ല്, ഡ്രില്‍ ബിറ്റ്, ആണി, നട്ട്, ബോള്‍ട്ട് ഒക്കെ ടണ്‍ കണക്കിനാ അവിടെ. പുറത്തു നിന്നു നോക്കിയാ ഇതിലെന്തര്‌ എന്നു തോന്നും. അകത്തു കയറിയാ കണ്ണു തള്ളിപ്പോവും.

അവിടെ അങ്ങനെ ഞാന്‍ എലി പുന്നെല്ലു കണ്ടപോലെ ചിരിച്ചു കറങ്ങുമ്പോഴാണ്‌ ദത്തന്‍ ഒരു സാധനം കണ്ടുപിടിച്ചത്. പ്യുവര്‍ ലെതറില്‍ തീര്‍ത്ത ഒരു ബീന്‍ ബാഗ്. പന്തിന്റെ ആകൃതിയും നിറവും.

അവന്‍ ഓടിപ്പോയി അതില്‍ ഇരുന്നു നോക്കി. എന്താ രസം.
"അച്ചാ, ഇതെന്താ മോനേ?"
"ബോള്‍ കസേര"
"പൈസ കൊടുക്ക് മോനേ, ഇതു കൊണ്ട് വീട്ടി പോകാം."
സാധാരണ അവന്‍ ഒന്നും വേണമെന്ന് പറഞ്ഞ് വാശിപിടിക്കാറില്ല, വാങ്ങിയേക്കാം.ഞാന്‍ വില നോക്കി. മുന്നൂറു ദിര്‍ഹം!
അതു വേണ്ട മോനേ, നമുക്ക് വേറേ വാങ്ങിക്കാം.
ദത്തന്‍ നേരേ ക്യാഷ് കൗണ്ടറില്‍ ചെന്നു.
"ആന്റി, ബോള്‍ കസേര വേണം മോനേ."
"ഫൈന്‍ ബേബി & യൂ."
"ബോള്‍ കസേര വേണം."
"ചോക്കലേറ്റ്?"
ഞങ്ങള്‍ ഇറങ്ങി. തിരിച്ചു വരുന്ന വഴി മുഴുവന്‍ അവന്‍ ബോള്‍ കസേരയ്ക്കു കരഞ്ഞു. ബാര്‍ണിയും ഡോറയും ഒന്നും സമാധാനിപ്പിച്ചില്ല.

ഒടുക്കം ഞാന്‍ പറഞ്ഞു "ദത്താ, നാളെ മുതല്‍ ടോയ്ലറ്റില്‍ അപ്പിയിടാമെങ്കില്‍ ബോള്‍ കസേര വാങ്ങിച്ചു തരാം."
ദത്തനെ ടോയ്ലറ്റ് ട്രെയിന്‍ ചെയ്യാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി പരാജയപ്പെട്ടിരിക്കുകയാണ്‌ ഞങ്ങള്‍. ഡയപ്പറിലേ പോകൂ. അത് കെട്ടിക്കൊടുത്തില്ലെങ്കില്‍ രണ്ടു ദിവസമൊക്കെ ടോയ്ലറ്റില്‍ പോകാതെ ഇരുന്നുകളയും.

രാത്രി ഉറങ്ങുമ്പോള്‍ അവന്‍ "ബോള്‍ കസേര, ബോള്‍ കസേര, ആന്റി ദാ പൈസ" എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

അടുത്ത ദിവസം ഓഫീസില്‍ ഇരിക്കുമ്പോ ഫോണ്‍
"ദത്തന്‍ ടോയ്ലറ്റില്‍ പോയി മോനേ, ബോള്‍ കസേര വാങ്ങിക്കാം?"
വീട്ടില്‍ വന്നിട്ട് ചായ പോലും കുടിക്കാന്‍ സമ്മതിക്കുന്നില്ല. ഇപ്പോ പോണം. ഏതായാലും അവന്‍ വാക്കു പാലിച്ചതല്ലേ, ഞങ്ങളും പാലിച്ചു.

Thursday, June 25, 2009

വാക്സിനേഷന്‍

ഇന്നലെ ദത്തനു വാക്സിനേഷന്‍ എടുക്കാന്‍ പോയി. രണ്ടെണ്ണം ഉണ്ടായിരുന്നതുകൊണ്ട് ചന്തിയുടെ രണ്ടു സൈഡിലും കിട്ടി.

ആശുപത്രിയില്‍ "ഡോറ"യുടെ ഒരു ചിത്രവും കുറേ പാവകളും തൂക്കിയിരുന്നതുകൊണ്ടായിരിക്കും സാര്‍ വയലന്റ് ആയില്ല.

ഡോക്റ്ററുമായി കമ്പനി ഇല്ലെങ്കിലും നഴ്സുമാര്‍ ദത്തന്റെ കൂട്ടുകാരികള്‍ ആണ്‌. അതുകൊണ്ട് സിസ്റ്റര്‍ ആന്റിമാര്‍ ചേര്‍ന്നാണ്‌ ഇന്‍ജ്ജക്ഷന്‍ എടുത്തത്.

യൂ വില്‍ ഫീല്‍ ഏ മൊസ്ക്വിറ്റോ ബൈറ്റ് എന്നത് ഞാന്‍ "ഇപ്പോ ഉറുമ്പു കടിക്കുന്നത് പോലെ തോന്നും എന്ന് തര്‍ജ്ജിമ ചെയ്തു കൊടുത്തു" . "കഴിഞ്ഞില്ലേ മോനേ" എന്ന അവന്റെ ചോദ്യം "ഈസ്ന്റ് ഇറ്റ് ഓവര്‍ യെറ്റ് എന്നു തിരിച്ചും"

പക്ഷേ ബ്രേവ് ബോയ് ആയതിന്റെ പ്രതിഫലത്തിനു തര്‍ജ്ജിമ ഒന്നും വേണ്ടി വന്നില്ല. ചോക്കലേറ്റ് ഡിമാന്‍ഡ് ചെയ്തു അവന്‍.

ഹൗ മെനി? വണ്‍,‍ ടൂ?
വണ്‍, ടൂ, ത്രീ, ഫോര്‍ ഫൈവ്, സിക്സ് സെവന്‍ എയിറ്റ്, നയന്‍ , ടെന്‍.

ഇത്രയും ചോദിച്ചിട്ടും രണ്ടെണ്ണമേ കിട്ടിയുള്ളൂ. വാശിക്ക് ലുലുവില്‍ പോയി ബാക്കി എട്ടെണ്ണം അങ്ങു വാങ്ങി, പിന്നല്ല.

പക്ഷേ, ലുലു കണ്ടപ്പോള്‍ ദത്തന്റെ സ്വഭാവം മാറി. "എനിക്കു കാറു വേണം മോനേ" .
ഒരു ടോയ് ട്രെയിനും ഡാന്‍സ് കളിക്കുന്ന പെന്‍‌‌ഗ്വിനെയും വാങ്ങിക്കൊടുത്തു.

ദത്താനന്ദ ഹഠയോഗിചിത്രം കൈപ്പള്ളി എടുത്തത്

Saturday, June 13, 2009

ആദ്യാക്ഷരം

എന്താ നമ്മള്‍ ആദ്യം തിരിച്ചറിയുന്ന അക്ഷരം? അ? A? അതോ ഇനി ഡി പി ഈ പി സ്റ്റൈലില്‍ "റ" ആണോ?

അക്ഷരം പഠിച്ചു തുടങ്ങും മുന്നേ തന്നെ ദത്തന്‍ ഒരക്ഷരത്തിനെ തിരിച്ചറിഞ്ഞു. ഒരക്ഷരമാല കണ്ടിട്ട് അവന്‍ അതില്‍ ഒരക്ഷരം തൊട്ടു

"G കണ്ടോ മോനേ"


ദീര്‍ഘകാലം ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്ത പരിചയം ആണ്‌ . G താഴെ പോകാന്‍ , 2 വീട്ടില്‍ പോകാന്‍.

ദത്തനും തീയറി ഓഫ് ഇവല്യൂഷനും


ചിത്രം വിക്കി പീഡിയയില്‍ നിന്ന്


ജന്തുക്കളാണ്‌ ദത്തനു ഏറ്റവും താല്പ്പര്യമുള്ള വിഷയം. ഞാനോ വിദ്യയോ ഒരിടത്തിരിക്കുന്നത് കണ്ടാല്‍ ഉടന്‍ അവന്‍ കുറേ പുസ്തകങ്ങളും താങ്ങി വരും- "നമുക്ക് പാച്ചാം മോനേ?"

പാച്ച് പാച്ച് ഒരു എം എസ് സി സുവോളജി കിട്ടാറായി എനിക്ക്. ഓരോ ജന്തുവിന്റെ പടം കാണുമ്പോഴും അതിന്റെ ഒരു വിവരണം കൊടുക്കണം- അതും നേരത്തേ പറഞ്ഞ പാഠം തന്നെ അല്ലെങ്കില്‍ അവനു ദേഷ്യവും വരും. ചീറ്റയുടെ പടം കാണിച്ചാല്‍ അതിന്റെ ഓട്ടത്തെക്കുറിച്ച് പറയണം ആദ്യം, പിന്നെ ചീറ്റയെയും ജാഗ്വാറിനെയും ടൈഗറിനെയും എങ്ങനെ തിരിച്ചറിയാം എന്ന് പറയണം. അത് ജിറാഫ് ആണെങ്കില്‍ ജിറാഫ് കുഞ്ഞു വാവയെ നക്കാന്‍ കഴുത്തു കുനിച്ചു വരുന്നത് കാണിക്കണം.

അങ്ങനെ പാച്ച് ഒരു ടൂക്കനെ ഞങ്ങള്‍ കണ്ടു.
"ഇത് ടൂക്കന്‍ ആണു മോനേ. അതിന്റെ ചുണ്ട് കണ്ടോ, സ്പൂണ്‍ പോലെ. ആ ചുണ്ട് വച്ച് ടൂക്കന്‍ ഇഷ്ടമുള്ളതെല്ലാം എടുത്ത് കഴിക്കും. ദത്തന്‍ സ്പൂണ്‍ വച്ച് ചോറുണ്ണില്ലേ അതുപോലെ."

ദത്തനു ടൂക്കനെ വളരെ ഇഷ്ടപ്പെട്ടു.

" ഈ ചുണ്ടുകൊണ്ട് ടൂക്കന്‍ സാമ്പാറ്‌ കോരി കുടിക്കും."

ഓ സാമ്പാറ് കുടിക്കാനുള്ള സൗകര്യത്തിനാണ്‌ ഇവന്റെ ചുണ്ട് ഗോകര്‍ണ്ണം പോലെ ആയത്. ഇവല്യൂഷന്റെ ഒരു പവറേ.

(ഇഷ്ടമുള്ളത് സ്പൂണ്‍ കൊണ്ട് തുടങ്ങിയ എന്റെ പ്രയോഗങ്ങളാണ്‌ അവനെ വഴി തെറ്റിച്ചത്. അവനിഷ്ടം സാമ്പാറാണ്‌)

തനിയാവര്‍ത്തനം

ദത്തനും ഞങ്ങളും ലുലു സെന്ററില്‍ സാധനങ്ങള്‍ വാങ്ങുകയാണ്‌. ഞാന്‍ ഒരു പാക്കറ്റ് ബണ്‍ എടുത്തു.
"ബ്രെഡ് എടുത്തോ മോനേ?"
"ബ്രഡ് അല്ല ദത്താ, ബണ്‍"
ദത്തന്‍ ഒരു പാക്കറ്റ് കൂടി എടുത്ത് എന്റെ കയ്യില്‍ തന്നു.
"ദാ, ടൂ."

അഞ്ചെട്ടു മാസം മുന്നേ "ട്രീ, ഫോര്‍, ഫൈ" എന്ന് മരങ്ങള്‍ എണ്ണിയതിന്റെ ആവര്‍ത്തനം.

ശരിയായ പ്രയോഗം

ചില വാക്കുകള്‍ നമ്മള്‍ പ്രയോഗിക്കുന്നത് അത്ര ശരിയല്ല. ദത്തന്‍ അത് പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.
വീട്ടില്‍ നമ്മള്‍ കസേരയില്‍ ഇരിക്കും. പക്ഷേ കാറില്‍ എന്തിനാ ഒരു സീറ്റ് പ്രയോഗം? വണ്ടിയിലെ ദത്തന്റെ ബേബി സീറ്റിനെ അവന്‍ "ദത്തന്റെ കസേര" എന്നാണ്‌ വിളിക്കുക.

ഞങ്ങള്‍ രാത്രി കുറച്ചു നടക്കാന്‍ ഇറങ്ങിയതാണ്‌. ദത്തനു തിരിച്ചു കയറണ്ടാ. ഞാന്‍ നയം പ്രയോഗിച്ചു
"രാത്രി ആയി മോനേ, എല്ലാവരും പോയി. ദാ ആ അങ്കിളിനെ കണ്ടോ? അങ്കിള്‍ വീട്ടില്‍ പോകുകയാ, നമുക്കും പോകാം"
ദത്തന്‍ മൊത്തത്തില്‍ പരിസരം വീക്ഷിച്ചു. സംഗതി ശരിയാണ്‌ എല്ലാവരും പോകുന്നു. അവന്‍ മേലേക്ക് നോക്കി
"അച്ഛാ വിമാനം പറന്ന് പോയി മോനേ. " (പോകുന്നു ആണ്‌ പോയി)
"ആണോ?"
"വിമാനം പറന്നു കൂട്ടില്‍ പോയി മോനേ"
അതല്ലേ നല്ല പ്രയോഗം. എന്തു താവളം, വിമാനക്കൂട്.

കലാസ്വാദനം

നമുക്ക് ആര്‍ട്ട് വര്‍ക്ക് ആസ്വദിക്കാന്‍ വല്യ പാടാ. ഒരു ഫോട്ടോ ഗാലറി അങ്ങനെ കണ്ടുപോകുകയാണ്‌ ഞാനും ദത്തനും. പീക്കോക്ക് ഉണ്ട്, കൂക്കഡൈല്‍ ഉണ്ട്, ഷീപ്പ് ഉണ്ട്, ഗില ഒണ്ട്. ഇതൊക്കെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസ്സിലായി.

അപ്പോ ദേ വരുന്നു ഒരെണ്ണം. ഒരു സ്ത്രീയുടെ ചിത്രം. മുറിക്കുള്ളിലെ ഇരുട്ടില്‍ നിന്നും ജന്നലിനു പുറത്തെ വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്നു. ഇതെന്താ സംഗതി? പ്രതീക്ഷ? ഏയ്- അവരുടെ മുഖത്ത് ഒരു തരം നിരാശയാണ്‌. അന്ധകാരത്തിന്റെ കൂരിരുളില്‍ നിന്നും വെളിച്ചത്തിന്റെ വെട്ടത്തിലേക്ക് നിരാശയോടെ നോക്കുന്ന ഒരുത്തി? ഇനി വെളിച്ചം ദുഖ:മാണുണ്ണീ ടൈപ്പ് വല്ലതും ആണോ? അവര്‍ കൈ ജന്നലില്‍ പിടിച്ചിരിക്കുകയാണ്‌- ഇരുട്ടിന്റെ തടവറ തകര്‍ത്ത് വെളിച്ചത്തിലേക്ക് പോകാന്‍ കഴിയാത്ത സങ്കടം ആണോ?

ഞാന്‍ സ്റ്റാളിയത് കണ്ട് ദത്തന്‍ ചോദിച്ചു
"എന്താ മോനേ?"
ഇവനോട് ചോദിച്ചു നോക്കാം, ചിലപ്പോ കറക്റ്റ് റിവ്യൂ കിട്ടും.
"ഈ ഫോട്ടോ എന്താ ദത്താ?"

ദത്തന്‍ മൊത്തത്തില്‍ പടം ഒന്നോടിച്ചു നോക്കി.
"ഇതോ? ഈ ആന്റിയുടെ വീട്ടില്‍ കറണ്ട് പോയതാ മോനേ."

അതായിരുന്നോ? ഞാന്‍ വെറുതേ ഇരുട്ടില്‍ തപ്പി.

Sunday, May 24, 2009

ദത്തനും ജങ്ക് ഭക്ഷണങ്ങളും

അശ്വദ്ധാ-അരിമാവ്
ദത്തനെ ജങ്കൊന്നും കൊടുക്കാതെ സൂക്ഷിക്കുകയായിരുന്നു അടുത്തിടവരെ. അവന്‍ സ്കൂളിലോ മറ്റോ പോകുന്നതോടെ ഇതെല്ലാം കഴിച്ചു തുടങ്ങുമെന്ന് അറിയാഞ്ഞിട്ടല്ല, പോകും വരെ അങ്ങനെ പോകട്ടേന്നു വച്ചു. ഈയിടെ കടയില്‍ പോയപ്പോള്‍ ദത്തന്‍ ഒരു കാഴ്ച കണ്ടു- കുട്ടികള്‍ ബാസ്കിന്‍ റോബിന്‍സില്‍ നിരന്നു നിന്ന് ഐസ് ക്രീം കഴിക്കുന്നു. ഇദ്ദേഹം ഒരു രംഗവീക്ഷണം നടത്തി.

"അച്ച, ചേട്ട ദാ തൈരു കഴിക്കുന്നു"
ഞാന്‍ അത്ര പ്രതികരിച്ചില്ല. തിരിച്ചു വീട്ടില്‍ വന്നു.
"എനിക്കു തൈരു വേണം."
മിണ്ടാതെ ഒരു ബൗളില്‍ തൈരൊഴിച്ച് സ്പൂണുമിട്ട് കൊടുത്തു. പാവം.

അഡിക്ഷന്‍
ഇടയ്ക്ക് കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോല്‍ മാക്‌ഡൊണാള്‍ഡില്‍ നിന്നും ബര്‍ഗര്‍ വാങ്ങിത്തിന്നു. ദത്തന്‌ പാറ്റി ഒഴവാക്കി ബണ്‍ മാത്മേ കൊടുത്തുള്ളു.
"ഇഷ്ടമായോ മോനേ." എന്ന് അഭിപ്രായവും പാസ്സാക്കി ദത്തന്‍ മുഴുവന്‍ കഴിച്ചു.
(ചോദ്യം ഉത്തരം എന്ന വേര്‍തിരിവ് ദത്തനില്ല. ചോദ്യം തന്നെ ഉത്തരവും. മോനേ എന്നത് സ്നേഹം കൂടിയാല്‍ ആരെയും വിളിക്കുന്നതാണ്‌. 'അമ്മൂമ്മേ, സുഖമാണോ മോനേ' എന്നൊക്കെ ഫോണ്‍ ചെയ്തു ചോദിക്കാറുണ്ട്)

മറ്റൊരു വഴിക്കു പോയപ്പോഴല്ലേ, അവിടെയും മാക്ഡിയുടെ മഞ്ഞ ന.
"അച്ചാ, പാപ്പം വേണം മോനേ."
"എന്തു പാപ്പം വേണം?"
"ബ്രെഡും സാമ്പാറും."
"ങേ?"
കടയിലെ ഒരു ബര്‍ഗറിന്റെ പടം ചൂണ്ടിക്കാട്ടി
"ഈ ബ്രഡും സാമ്പാറും വേണം"
ബണ്ണും മയൊണൈസും കെച്ചപ്പും ഒക്കെയാണ്‌ ബ്രഡും സാമ്പാറും. ഹും.

Sunday, March 22, 2009

എന്താ ഒരു കുറവ്?


ഇതെന്താ സജിത്ത് അങ്കിളിനു മാത്രമേ വശം ചെരിഞ്ഞു പോസു ചെ‌യ്യാന്‍ പാടുള്ളോ? ഷംസ് അങ്കിളിനു മാത്രമേ ലൈറ്റും ഷേഡും വച്ച് പടം എടുക്കാനും പാടുള്ളോ?

സൈഡ് പോസില്‍ ഞാന്‍. ക്യാമറയ്ക്കു പിറകില്‍ അച്ഛ. എന്താ പ്രശ്നം?

Sunday, January 11, 2009

നെറ്റ് ഇഫക്റ്റ്

ദത്തന്റെ അച്ഛനു പാരഡികള്‍ ഒരു വീക്നെസ്സ് ആണ്‌. അച്ഛന്‍ പാടുന്ന പാട്ടല്ലേ ദത്തനും വേണ്ടൂ.
ഒരു കുരുക്കുപിടിച്ച പണി വന്നു ചുറ്റിയപ്പോള്‍ അച്ഛന്‍ പാടി
"ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍
ചിന്താഭാരം ചിന്താഭാരം.."
"മൂങ്ങ ചാടി." ദത്തന്‍ പൂരിപ്പിച്ചു.
ഞാന്‍ ഈ പാട്ട് വീട്ടില്‍ എത്ര തവണ പാടിയിട്ടുണ്ടാകും എന്ന് ഏകദേശം ഒരു രൂപം കിട്ടി.

സ്വന്തം കണ്ണിലെ കൊളിയും അന്യന്റെ കണ്ണിലെ കരടും

ദത്തന്റെ പ്രായത്തില്‍ അടുത്ത വീട്ടില്‍ ഒരു സ്റ്റെഫി ഉണ്ട്. അവളും ഇടയ്ക്കൊക്കെ വാശിപിടിച്ചു കരയും. ദത്തന്‍ ഓടിപ്പോയി അവരുടെ വീടിന്റെ കതകില്‍ മുട്ടിയിട്ട്
"സ്റ്റെഫീ കരയണ്ടാ." എന്നു വിളിച്ചു പറയും. ദത്തന്‍ പറഞ്ഞാല്‍ പിന്നെ സ്റ്റെഫിക്ക് അപ്പീലില്ല.
ഇന്നലെ ഞാന്‍ വന്നു കയറിയപ്പോള്‍ ദത്തനു പുറത്തു പോകണം.
"കാറില്‍ പാം, കാറി പാം"
"കാറണ്ട, അച്ച ചോറുണ്ണട്ടെ മോനെ."
അവന്‍ പറഞ്ഞു പറഞ്ഞ് നിലവിളിയായി, ഈയിടെ ഭയങ്കര വാശി തുടങ്ങിയിട്ടുണ്ട്. ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കുട്ടികള്‍ വാശിപിടിച്ചാല്‍- ഇഗ്നോര്‍.
അപ്പോഴാണ്‌ അടുത്ത വീട്ടില്‍ സ്റ്റെഫിയുടെ കരച്ചില്‍ ഉയര്‍ന്നത്.
ദത്തന്‍ ഓടിപ്പോയി കതകില്‍ തട്ടി. "സ്റ്റെഫീ, കരയണ്ടാ."
സ്റ്റെഫി കരച്ചില്‍ നിര്‍ത്തി. ദത്തന്‍ തരിച്ചുവന്ന് കരച്ചില്‍ തുടര്‍ന്നു "കാറിപ്പാം.."

വട്ടമില്ലാത്തവട്ടം

ദത്തനു ദോശയും പപ്പടവും ഇഷ്ടമാണ്‌, പക്ഷേ ഒരു കടി കടിക്കുമ്പോഴേക്ക് വൃത്തത്തിലുള്ള ആകൃതി പോകുന്നു. പിന്നെ അതു വേണ്ട, വട്ടമില്ലാത്തത് ദോശയും പപ്പടവുമല്ലല്ലോ, കടിച്ചത് കളഞ്ഞിട്ട് ദോശയ്ക്കും പപ്പടത്തിനും വീണ്ടും കരച്ചില്‍. ഷേപ്പ് ഇല്ലാത്ത, ഡാമേജ് ആയ ഭക്ഷ്യവസ്തുക്കള്‍ അവനു വേണ്ടെന്ന്.

മോനേ, "യൂ ക്യനോട്ട് ഹാവ് ദ കേക്ക് ആന്‍ഡ് ഈറ്റ് ഇറ്റ് റ്റൂ" ഞാന്‍ താത്വികനായി.
"വൈ നോട്ട്? ഈറ്റിങ്ങ് ദ കേക്ക് ഈസ് ഹാവിങ്ങ് ദ കേക്ക്" വിദ്യ
ദത്തനു തത്വം കേള്‍ക്കണ്ട, ദോശയ്ക്ക് റീപ്ലേസ്മെന്റ് വേണം. കരച്ചിലായി
" വാശി പിടിക്കുന്നോ? അടി വേണോ?"
പ്രശ്നം മനസ്സിലായില്ലെങ്കിലും ആവശ്യം അപകടമാണെന്ന് മനസ്സിലായി അവന്‍ നിര്‍ത്തി.

സോങ്ങ് റിക്വസ്റ്റ്

പഴേ ദത്തനൊന്നുമല്ല. അവനിപ്പോ വിക്രം, ധീം ത തക്ക ഒക്കെ പോരാ. ഓരോ മൂഡിനു ഓരോ പാട്ട് കേള്‍ക്കണം. കളിച്ചുകൊണ്ടൊക്കെ ഇരിക്കുമ്പോ പെട്ടെന്ന് ഒക്കെ നിര്‍ത്തി ഓടി വരും.
"'പാചാലം മേണം."
ഈ പാചാലം എന്തെന്ന് ആലോചിച്ച് ഞാന്‍ റഹ്മാനും നാദിയാമൊയ്തുവും ഡാന്‍സ് ചെയ്യുന്ന രംഗം ഓര്‍ത്തെടുത്ത്, പോള്‍ ബാബുവിന്റെ കൂടും തേടി എന്ന ചിത്രം ഓര്‍ത്തെടുത്ത് എം ഡി രാജേന്ദ്രന്റെ വാചാലം എന്‍ മൗനവും നിന്‍ മൗനവും എന്ന വരികള്‍ ഓര്‍ത്തെടുത്ത് ആ പാട്ട് തപ്പിയെടുത്ത് പ്ലേ ചെയ്യണം. ഹും നമ്മളാരാ മോന്‍ പണ്ട് കോളേജിലൊക്കെ അന്താക്ഷരി കളിച്ചു തകര്‍ത്ത ടീമല്ലേ. ഒരു കൊച്ചന്‍, അതും എന്റെ കളക്ഷനിലുള്ള പാട്ടു മാത്രം കേട്ടിട്ടുള്ളവന്‍ വിചാരിച്ചാല്‍ എവിടം വരെ പോകാന്‍.

അപ്പോ വരുന്നു അടുത്ത ആവശ്യം
"കുക്കൂ കുക്കൂ മേണം."
കൂ കൂ എന്റ്ര് കുയില്‍ കൂഹാതാ? അതല്ല പോലും
കൂ കൂ കൂ കൂ തീവണ്ടി? നോ
കൂഹൂ കൂഹൂ കുയിലുകള്‍ പാടും കുഗ്രാമം? ദത്തന്‍ നിലവിളി തുടങ്ങി. ഇതൊന്നുമല്ല.
കൂകുക്കുക്കൂ.. അല്ലലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട്? ആട്ട് കിട്ടി.

ഞാന്‍ സുല്ലിട്ടു. തല പെരുത്ത് ആലോചിച്ചു ഒടുക്കം ഞാന്‍ ഈ കൂക്കൂ കൂക്കൂ എന്തെന്ന് കണ്ടുപിടിക്കും വരെ അവന്‍ ബഹളം വച്ചു.
ഏതു പാട്ടെന്നല്ലേ? താളവട്ടം എന്ന ചിത്രത്തിലെ കളഭം ചാര്‍ത്തും കനകക്കുന്നില്‍ എന്ന പാട്ട്. ഇതിന്റെ തുടക്കത്തില്‍ ഒരു കുക്കൂ ക്ലോക്കിന്റെ ശബ്ദമുണ്ട്. അതാണ്‌ "കുക്കൂ കുക്കൂ" ഇവിടെ കേള്‍ക്കാം:
http://www.youtube.com/watch?v=vaO0Zxxb1WA
പാഠം പഠിച്ചു . ദത്തനു വാക്കും വാക്കല്ലാത്ത ശബ്ദവും എന്ന വിവേചനമില്ല. അത്തരം മുന്‍‌വിധികളൊക്കെ എനിക്കേയുള്ളു. ഒന്നും അസ്യൂം ചെയ്യരുത്.

ആ പാഠം തുണയായി. അടുത്ത റിക്വസ്റ്റ്
"തും തുമാഛീ ഛീ. ഊഹാരെ ഊഹാരെ ഹൂ" മേണം.
കേട്ടപ്പോഴേ മനസ്സിലായി
www.youtube.com/watch?v=BlHd9Fr5lfI (യോദ്ധയുടെ തീം മ്യൂസിക്ക് )

ഡയലോഗ്

ദത്തഭവനം അഞ്ചെട്ടു ടൈല്‍ നീളം ഗുണം അത്ര തന്നെ വീതി വരുന്ന കുഞ്ഞു ഫ്ലാറ്റ് ആണ്‌. അതുകൊണ്ട് സസ്യേതരം പാചകം ചെയ്താല്‍ കുറേ നേരം വാതിലും വാതായനവും മലര്‍ക്കെ തുറന്നിടണം. ഈയിടെ കുറച്ചു ചാള വാങ്ങി കറി വച്ചശേഷം വേഗമൊന്നു പുറത്തു പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ വീട്ടിലാകെ മീന്‍ മണം.

"എന്തൊരു നാറ്റം" ഞാന്‍ പറഞ്ഞു.
"ഈ പന്നി നാലല്ലോ." ദത്തന്‍ ആവേശത്തോടെ കമന്റ് പാസ്സാക്കി.

ഇവന്‍ പറയുന്ന പലതും എനിക്കു മനസ്സിലാവില്ല അതെല്ലാം അങ്ങ് ശരിവച്ചു കൊടുക്കുകയാണ്‌ പതിവ്.
"ശരി."
"ഈ പന്നി നാലല്ലോ!" ഇത്തവണ ഇതു പറഞ്ഞ് അവന്‍ തന്നെ കയ്യടിക്കുകയും ചെയ്തു. അപ്പോള്‍ സംഭവം നിസ്സാരമല്ല, കയ്യടിക്കേണ്ട ബ്രില്യന്റ് ആന്‍സര്‍ ആണ്‌. ഇതെന്തു കുന്തമോ. ഞാനും കയ്യടിച്ചു. ദത്തന്‍ ഹാപ്പി.

അടുത്ത ദിവസം പതിവുപോലെ മഞ്ചാടി കാണുമ്പോള്‍ (ചിലര്‍ക്ക് സീരിയല്‍ അഡിക്ഷനുള്ളതുപോലെ ദത്തനു ദിവസവും ഒന്നു രണ്ടു മണിക്കൂര്‍ മഞ്ചാടി എന്ന കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ വീഡിയോ സിഡി കാണണം) ദേ വരുന്നു ഒരു കടുവയുടെ ആത്മഗതം
"എന്തൊരു നാറ്റം.... ഈ പന്നിയെ ആണല്ലോ."
ഹമ്മേ, ഡയലോഗ്.