Sunday, January 11, 2009

നെറ്റ് ഇഫക്റ്റ്

ദത്തന്റെ അച്ഛനു പാരഡികള്‍ ഒരു വീക്നെസ്സ് ആണ്‌. അച്ഛന്‍ പാടുന്ന പാട്ടല്ലേ ദത്തനും വേണ്ടൂ.
ഒരു കുരുക്കുപിടിച്ച പണി വന്നു ചുറ്റിയപ്പോള്‍ അച്ഛന്‍ പാടി
"ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍
ചിന്താഭാരം ചിന്താഭാരം.."
"മൂങ്ങ ചാടി." ദത്തന്‍ പൂരിപ്പിച്ചു.
ഞാന്‍ ഈ പാട്ട് വീട്ടില്‍ എത്ര തവണ പാടിയിട്ടുണ്ടാകും എന്ന് ഏകദേശം ഒരു രൂപം കിട്ടി.

സ്വന്തം കണ്ണിലെ കൊളിയും അന്യന്റെ കണ്ണിലെ കരടും

ദത്തന്റെ പ്രായത്തില്‍ അടുത്ത വീട്ടില്‍ ഒരു സ്റ്റെഫി ഉണ്ട്. അവളും ഇടയ്ക്കൊക്കെ വാശിപിടിച്ചു കരയും. ദത്തന്‍ ഓടിപ്പോയി അവരുടെ വീടിന്റെ കതകില്‍ മുട്ടിയിട്ട്
"സ്റ്റെഫീ കരയണ്ടാ." എന്നു വിളിച്ചു പറയും. ദത്തന്‍ പറഞ്ഞാല്‍ പിന്നെ സ്റ്റെഫിക്ക് അപ്പീലില്ല.
ഇന്നലെ ഞാന്‍ വന്നു കയറിയപ്പോള്‍ ദത്തനു പുറത്തു പോകണം.
"കാറില്‍ പാം, കാറി പാം"
"കാറണ്ട, അച്ച ചോറുണ്ണട്ടെ മോനെ."
അവന്‍ പറഞ്ഞു പറഞ്ഞ് നിലവിളിയായി, ഈയിടെ ഭയങ്കര വാശി തുടങ്ങിയിട്ടുണ്ട്. ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കുട്ടികള്‍ വാശിപിടിച്ചാല്‍- ഇഗ്നോര്‍.
അപ്പോഴാണ്‌ അടുത്ത വീട്ടില്‍ സ്റ്റെഫിയുടെ കരച്ചില്‍ ഉയര്‍ന്നത്.
ദത്തന്‍ ഓടിപ്പോയി കതകില്‍ തട്ടി. "സ്റ്റെഫീ, കരയണ്ടാ."
സ്റ്റെഫി കരച്ചില്‍ നിര്‍ത്തി. ദത്തന്‍ തരിച്ചുവന്ന് കരച്ചില്‍ തുടര്‍ന്നു "കാറിപ്പാം.."

വട്ടമില്ലാത്തവട്ടം

ദത്തനു ദോശയും പപ്പടവും ഇഷ്ടമാണ്‌, പക്ഷേ ഒരു കടി കടിക്കുമ്പോഴേക്ക് വൃത്തത്തിലുള്ള ആകൃതി പോകുന്നു. പിന്നെ അതു വേണ്ട, വട്ടമില്ലാത്തത് ദോശയും പപ്പടവുമല്ലല്ലോ, കടിച്ചത് കളഞ്ഞിട്ട് ദോശയ്ക്കും പപ്പടത്തിനും വീണ്ടും കരച്ചില്‍. ഷേപ്പ് ഇല്ലാത്ത, ഡാമേജ് ആയ ഭക്ഷ്യവസ്തുക്കള്‍ അവനു വേണ്ടെന്ന്.

മോനേ, "യൂ ക്യനോട്ട് ഹാവ് ദ കേക്ക് ആന്‍ഡ് ഈറ്റ് ഇറ്റ് റ്റൂ" ഞാന്‍ താത്വികനായി.
"വൈ നോട്ട്? ഈറ്റിങ്ങ് ദ കേക്ക് ഈസ് ഹാവിങ്ങ് ദ കേക്ക്" വിദ്യ
ദത്തനു തത്വം കേള്‍ക്കണ്ട, ദോശയ്ക്ക് റീപ്ലേസ്മെന്റ് വേണം. കരച്ചിലായി
" വാശി പിടിക്കുന്നോ? അടി വേണോ?"
പ്രശ്നം മനസ്സിലായില്ലെങ്കിലും ആവശ്യം അപകടമാണെന്ന് മനസ്സിലായി അവന്‍ നിര്‍ത്തി.

സോങ്ങ് റിക്വസ്റ്റ്

പഴേ ദത്തനൊന്നുമല്ല. അവനിപ്പോ വിക്രം, ധീം ത തക്ക ഒക്കെ പോരാ. ഓരോ മൂഡിനു ഓരോ പാട്ട് കേള്‍ക്കണം. കളിച്ചുകൊണ്ടൊക്കെ ഇരിക്കുമ്പോ പെട്ടെന്ന് ഒക്കെ നിര്‍ത്തി ഓടി വരും.
"'പാചാലം മേണം."
ഈ പാചാലം എന്തെന്ന് ആലോചിച്ച് ഞാന്‍ റഹ്മാനും നാദിയാമൊയ്തുവും ഡാന്‍സ് ചെയ്യുന്ന രംഗം ഓര്‍ത്തെടുത്ത്, പോള്‍ ബാബുവിന്റെ കൂടും തേടി എന്ന ചിത്രം ഓര്‍ത്തെടുത്ത് എം ഡി രാജേന്ദ്രന്റെ വാചാലം എന്‍ മൗനവും നിന്‍ മൗനവും എന്ന വരികള്‍ ഓര്‍ത്തെടുത്ത് ആ പാട്ട് തപ്പിയെടുത്ത് പ്ലേ ചെയ്യണം. ഹും നമ്മളാരാ മോന്‍ പണ്ട് കോളേജിലൊക്കെ അന്താക്ഷരി കളിച്ചു തകര്‍ത്ത ടീമല്ലേ. ഒരു കൊച്ചന്‍, അതും എന്റെ കളക്ഷനിലുള്ള പാട്ടു മാത്രം കേട്ടിട്ടുള്ളവന്‍ വിചാരിച്ചാല്‍ എവിടം വരെ പോകാന്‍.

അപ്പോ വരുന്നു അടുത്ത ആവശ്യം
"കുക്കൂ കുക്കൂ മേണം."
കൂ കൂ എന്റ്ര് കുയില്‍ കൂഹാതാ? അതല്ല പോലും
കൂ കൂ കൂ കൂ തീവണ്ടി? നോ
കൂഹൂ കൂഹൂ കുയിലുകള്‍ പാടും കുഗ്രാമം? ദത്തന്‍ നിലവിളി തുടങ്ങി. ഇതൊന്നുമല്ല.
കൂകുക്കുക്കൂ.. അല്ലലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട്? ആട്ട് കിട്ടി.

ഞാന്‍ സുല്ലിട്ടു. തല പെരുത്ത് ആലോചിച്ചു ഒടുക്കം ഞാന്‍ ഈ കൂക്കൂ കൂക്കൂ എന്തെന്ന് കണ്ടുപിടിക്കും വരെ അവന്‍ ബഹളം വച്ചു.
ഏതു പാട്ടെന്നല്ലേ? താളവട്ടം എന്ന ചിത്രത്തിലെ കളഭം ചാര്‍ത്തും കനകക്കുന്നില്‍ എന്ന പാട്ട്. ഇതിന്റെ തുടക്കത്തില്‍ ഒരു കുക്കൂ ക്ലോക്കിന്റെ ശബ്ദമുണ്ട്. അതാണ്‌ "കുക്കൂ കുക്കൂ" ഇവിടെ കേള്‍ക്കാം:
http://www.youtube.com/watch?v=vaO0Zxxb1WA
പാഠം പഠിച്ചു . ദത്തനു വാക്കും വാക്കല്ലാത്ത ശബ്ദവും എന്ന വിവേചനമില്ല. അത്തരം മുന്‍‌വിധികളൊക്കെ എനിക്കേയുള്ളു. ഒന്നും അസ്യൂം ചെയ്യരുത്.

ആ പാഠം തുണയായി. അടുത്ത റിക്വസ്റ്റ്
"തും തുമാഛീ ഛീ. ഊഹാരെ ഊഹാരെ ഹൂ" മേണം.
കേട്ടപ്പോഴേ മനസ്സിലായി
www.youtube.com/watch?v=BlHd9Fr5lfI (യോദ്ധയുടെ തീം മ്യൂസിക്ക് )

ഡയലോഗ്

ദത്തഭവനം അഞ്ചെട്ടു ടൈല്‍ നീളം ഗുണം അത്ര തന്നെ വീതി വരുന്ന കുഞ്ഞു ഫ്ലാറ്റ് ആണ്‌. അതുകൊണ്ട് സസ്യേതരം പാചകം ചെയ്താല്‍ കുറേ നേരം വാതിലും വാതായനവും മലര്‍ക്കെ തുറന്നിടണം. ഈയിടെ കുറച്ചു ചാള വാങ്ങി കറി വച്ചശേഷം വേഗമൊന്നു പുറത്തു പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ വീട്ടിലാകെ മീന്‍ മണം.

"എന്തൊരു നാറ്റം" ഞാന്‍ പറഞ്ഞു.
"ഈ പന്നി നാലല്ലോ." ദത്തന്‍ ആവേശത്തോടെ കമന്റ് പാസ്സാക്കി.

ഇവന്‍ പറയുന്ന പലതും എനിക്കു മനസ്സിലാവില്ല അതെല്ലാം അങ്ങ് ശരിവച്ചു കൊടുക്കുകയാണ്‌ പതിവ്.
"ശരി."
"ഈ പന്നി നാലല്ലോ!" ഇത്തവണ ഇതു പറഞ്ഞ് അവന്‍ തന്നെ കയ്യടിക്കുകയും ചെയ്തു. അപ്പോള്‍ സംഭവം നിസ്സാരമല്ല, കയ്യടിക്കേണ്ട ബ്രില്യന്റ് ആന്‍സര്‍ ആണ്‌. ഇതെന്തു കുന്തമോ. ഞാനും കയ്യടിച്ചു. ദത്തന്‍ ഹാപ്പി.

അടുത്ത ദിവസം പതിവുപോലെ മഞ്ചാടി കാണുമ്പോള്‍ (ചിലര്‍ക്ക് സീരിയല്‍ അഡിക്ഷനുള്ളതുപോലെ ദത്തനു ദിവസവും ഒന്നു രണ്ടു മണിക്കൂര്‍ മഞ്ചാടി എന്ന കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ വീഡിയോ സിഡി കാണണം) ദേ വരുന്നു ഒരു കടുവയുടെ ആത്മഗതം
"എന്തൊരു നാറ്റം.... ഈ പന്നിയെ ആണല്ലോ."
ഹമ്മേ, ഡയലോഗ്.