Sunday, July 19, 2009

സ്കൂളും വീടും

ദത്തനെ മൂന്നു വയസ്സില്‍ പ്ലേ സ്കൂളില്‍ അയക്കാം എന്നു വച്ചു. ഇപ്പോഴേ തയ്യാറെടുപ്പിക്കേണ്ടേ.

"ദത്താ സ്കൂളി പോകണ്ടേ മോനേ?"
"സ്കൂളി പോണ്ട മോനേ."
"ദത്തന്‍ പിന്നെ എന്തു ചെയ്യും?"
"ദത്തന്‍ അമ്മേ നോക്കും മോനേ." (അമ്മേ നോക്കും എന്നാല്‍ അമ്മയെ കാത്തു സൂക്ഷിച്ചോളും എന്നൊന്നുമില്ല, അമ്മയുടെ കൂടെ ഇരിക്കും എന്നേയുള്ളു)

ടൈഗറിനെക്കാള്‍ മോശക്കാരനോ?

വാ പൊളിച്ചിരിക്കുന്ന ടൈഗറിന്റെ ക്ലോസ് അപ്പ്. എന്നാ ഗ്ലാമറാ.
"അച്ഛാ ടൈഗര്‍ പല്ലു കണ്ടോ മോനേ."
"ടൈഗറിനു മീശയുണ്ടോ മോനേ?"
"ടൈഗര്‍ മീശയുണ്ട് മോനേ."
"അച്ചനു മീശയുണ്ടോ മോനേ?"
"അച്ച മീശയുണ്ട് മോനേ"
"ദത്തനു മീശയുണ്ടോ മോനേ?"
അതൊരു കുറച്ചിലായിപ്പോയി. ടൈഗറിനു മീശയുണ്ട്, അച്ഛനും മീശയുണ്ട്.
"ദത്ത മീശയില്ല മോനേ."

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദത്തന്‍ ഓടി വന്നു.
"ദത്ത മീശ തലേല്‍ ഒണ്ട് മോനേ."

ടേക് ദ ബോള്‍ ബുഗായ്!


ദത്തന്‍ സെന്റന്‍സസ് തനിയേ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. ഐഡിയകള്‍ എങ്ങനെയും എക്സ്പ്രസ് ചെയ്തേ മതിയാവൂ.

ഇന്നു രാവിലേ നടത്തിയ പ്രഖ്യാപനം- "ദത്തന്‍ ടേക്ക് ദ ബോള്‍ ബുഗായ് ആണു മോനേ" എന്ന്.
ടേക്ക് ദ ബോള്‍ = ബാസ്കറ്റ് ബോള്‍. ബുഗായ് = ഗുഡ് ബോയ്. അതായത് ദത്തന് ‍ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ ആണെന്ന്.

ടേക്ക് ദ ബോള്‍ കമ്പം

ദത്തന്‍ വീട്ടില്‍ കുത്തിപ്പിടിച്ച് ഇരിപ്പായതുകാരണം ഇടയ്ക്കൊക്കെ ഗെയിം പാര്‍ക്കുകളില്‍ കൊണ്ടുപോകാറുണ്ട്. അതില്‍ വച്ചാണ്‌ ബാസ്കറ്റ് ബോള്‍ എന്ന പരിപാടി കണ്ടത്. കാര്‍ഡ് അടിച്ചിട്ട് "ടേക്ക് ദ ബോള്‍" എന്നു പറഞ്ഞതുകാരണം അവനു കളിയുടെ പേര്‍ "ടേക്ക് ദ ബോള്‍" എന്നായി.

പല കളികളില്‍ ഒന്ന്, അത്രയേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച ഒരു വഴിക്ക് പോകുമ്പോള്‍ ക്രേസി ഡങ്കേര്‍സ് ഷോ കണ്ടു ഞാനും അവനും. ആകെ ആരാധന ആയിപ്പോയി.
"അങ്കിള്‍ ചാടും, ദത്തനു പറ്റത്തില്ല മോനേ, അച്ചനും പറ്റത്തില്ല മോനേ"

തിരിച്ചു വന്നു, എന്നെക്കൊണ്ട് ഒരു ചെറിയ ബാസ്കറ്റ് വീട്ടില്‍ ഫിറ്റ് ചെയ്യിച്ചു. ദിവസം നാലഞ്ചു മണിക്കൂര്‍ പരിശീലനം. അങ്കിളിനെപ്പോലെ ചാടാന്‍ പറ്റിയാലോ.

ബോള്‍ കശേര


ദത്തനു ടോയ്സ് ആര്‍ അസ് എന്താണോ അതാണ്‌ എനിക്ക് എയ്സ് ഹാര്‍ഡ്‌വെയര്‍ ഹൈപ്പര്‍മാര്‍ട്ട്. എന്റെ കളിപ്പാട്ടങ്ങള്‍- സ്പാനര്‍ സെറ്റ്, സ്ക്രൂഡ്രൈവര്‍, പ്ലയേര്‍സ്, സോള്‍ഡറിങ്ങ് അയണ്‍, ഡ്രില്ല്, ഡ്രില്‍ ബിറ്റ്, ആണി, നട്ട്, ബോള്‍ട്ട് ഒക്കെ ടണ്‍ കണക്കിനാ അവിടെ. പുറത്തു നിന്നു നോക്കിയാ ഇതിലെന്തര്‌ എന്നു തോന്നും. അകത്തു കയറിയാ കണ്ണു തള്ളിപ്പോവും.

അവിടെ അങ്ങനെ ഞാന്‍ എലി പുന്നെല്ലു കണ്ടപോലെ ചിരിച്ചു കറങ്ങുമ്പോഴാണ്‌ ദത്തന്‍ ഒരു സാധനം കണ്ടുപിടിച്ചത്. പ്യുവര്‍ ലെതറില്‍ തീര്‍ത്ത ഒരു ബീന്‍ ബാഗ്. പന്തിന്റെ ആകൃതിയും നിറവും.

അവന്‍ ഓടിപ്പോയി അതില്‍ ഇരുന്നു നോക്കി. എന്താ രസം.
"അച്ചാ, ഇതെന്താ മോനേ?"
"ബോള്‍ കസേര"
"പൈസ കൊടുക്ക് മോനേ, ഇതു കൊണ്ട് വീട്ടി പോകാം."
സാധാരണ അവന്‍ ഒന്നും വേണമെന്ന് പറഞ്ഞ് വാശിപിടിക്കാറില്ല, വാങ്ങിയേക്കാം.ഞാന്‍ വില നോക്കി. മുന്നൂറു ദിര്‍ഹം!
അതു വേണ്ട മോനേ, നമുക്ക് വേറേ വാങ്ങിക്കാം.
ദത്തന്‍ നേരേ ക്യാഷ് കൗണ്ടറില്‍ ചെന്നു.
"ആന്റി, ബോള്‍ കസേര വേണം മോനേ."
"ഫൈന്‍ ബേബി & യൂ."
"ബോള്‍ കസേര വേണം."
"ചോക്കലേറ്റ്?"
ഞങ്ങള്‍ ഇറങ്ങി. തിരിച്ചു വരുന്ന വഴി മുഴുവന്‍ അവന്‍ ബോള്‍ കസേരയ്ക്കു കരഞ്ഞു. ബാര്‍ണിയും ഡോറയും ഒന്നും സമാധാനിപ്പിച്ചില്ല.

ഒടുക്കം ഞാന്‍ പറഞ്ഞു "ദത്താ, നാളെ മുതല്‍ ടോയ്ലറ്റില്‍ അപ്പിയിടാമെങ്കില്‍ ബോള്‍ കസേര വാങ്ങിച്ചു തരാം."
ദത്തനെ ടോയ്ലറ്റ് ട്രെയിന്‍ ചെയ്യാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി പരാജയപ്പെട്ടിരിക്കുകയാണ്‌ ഞങ്ങള്‍. ഡയപ്പറിലേ പോകൂ. അത് കെട്ടിക്കൊടുത്തില്ലെങ്കില്‍ രണ്ടു ദിവസമൊക്കെ ടോയ്ലറ്റില്‍ പോകാതെ ഇരുന്നുകളയും.

രാത്രി ഉറങ്ങുമ്പോള്‍ അവന്‍ "ബോള്‍ കസേര, ബോള്‍ കസേര, ആന്റി ദാ പൈസ" എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

അടുത്ത ദിവസം ഓഫീസില്‍ ഇരിക്കുമ്പോ ഫോണ്‍
"ദത്തന്‍ ടോയ്ലറ്റില്‍ പോയി മോനേ, ബോള്‍ കസേര വാങ്ങിക്കാം?"
വീട്ടില്‍ വന്നിട്ട് ചായ പോലും കുടിക്കാന്‍ സമ്മതിക്കുന്നില്ല. ഇപ്പോ പോണം. ഏതായാലും അവന്‍ വാക്കു പാലിച്ചതല്ലേ, ഞങ്ങളും പാലിച്ചു.