Saturday, June 13, 2009

ദത്തനും തീയറി ഓഫ് ഇവല്യൂഷനും


ചിത്രം വിക്കി പീഡിയയില്‍ നിന്ന്


ജന്തുക്കളാണ്‌ ദത്തനു ഏറ്റവും താല്പ്പര്യമുള്ള വിഷയം. ഞാനോ വിദ്യയോ ഒരിടത്തിരിക്കുന്നത് കണ്ടാല്‍ ഉടന്‍ അവന്‍ കുറേ പുസ്തകങ്ങളും താങ്ങി വരും- "നമുക്ക് പാച്ചാം മോനേ?"

പാച്ച് പാച്ച് ഒരു എം എസ് സി സുവോളജി കിട്ടാറായി എനിക്ക്. ഓരോ ജന്തുവിന്റെ പടം കാണുമ്പോഴും അതിന്റെ ഒരു വിവരണം കൊടുക്കണം- അതും നേരത്തേ പറഞ്ഞ പാഠം തന്നെ അല്ലെങ്കില്‍ അവനു ദേഷ്യവും വരും. ചീറ്റയുടെ പടം കാണിച്ചാല്‍ അതിന്റെ ഓട്ടത്തെക്കുറിച്ച് പറയണം ആദ്യം, പിന്നെ ചീറ്റയെയും ജാഗ്വാറിനെയും ടൈഗറിനെയും എങ്ങനെ തിരിച്ചറിയാം എന്ന് പറയണം. അത് ജിറാഫ് ആണെങ്കില്‍ ജിറാഫ് കുഞ്ഞു വാവയെ നക്കാന്‍ കഴുത്തു കുനിച്ചു വരുന്നത് കാണിക്കണം.

അങ്ങനെ പാച്ച് ഒരു ടൂക്കനെ ഞങ്ങള്‍ കണ്ടു.
"ഇത് ടൂക്കന്‍ ആണു മോനേ. അതിന്റെ ചുണ്ട് കണ്ടോ, സ്പൂണ്‍ പോലെ. ആ ചുണ്ട് വച്ച് ടൂക്കന്‍ ഇഷ്ടമുള്ളതെല്ലാം എടുത്ത് കഴിക്കും. ദത്തന്‍ സ്പൂണ്‍ വച്ച് ചോറുണ്ണില്ലേ അതുപോലെ."

ദത്തനു ടൂക്കനെ വളരെ ഇഷ്ടപ്പെട്ടു.

" ഈ ചുണ്ടുകൊണ്ട് ടൂക്കന്‍ സാമ്പാറ്‌ കോരി കുടിക്കും."

ഓ സാമ്പാറ് കുടിക്കാനുള്ള സൗകര്യത്തിനാണ്‌ ഇവന്റെ ചുണ്ട് ഗോകര്‍ണ്ണം പോലെ ആയത്. ഇവല്യൂഷന്റെ ഒരു പവറേ.

(ഇഷ്ടമുള്ളത് സ്പൂണ്‍ കൊണ്ട് തുടങ്ങിയ എന്റെ പ്രയോഗങ്ങളാണ്‌ അവനെ വഴി തെറ്റിച്ചത്. അവനിഷ്ടം സാമ്പാറാണ്‌)

No comments: