Sunday, May 24, 2009

ദത്തനും ജങ്ക് ഭക്ഷണങ്ങളും

അശ്വദ്ധാ-അരിമാവ്
ദത്തനെ ജങ്കൊന്നും കൊടുക്കാതെ സൂക്ഷിക്കുകയായിരുന്നു അടുത്തിടവരെ. അവന്‍ സ്കൂളിലോ മറ്റോ പോകുന്നതോടെ ഇതെല്ലാം കഴിച്ചു തുടങ്ങുമെന്ന് അറിയാഞ്ഞിട്ടല്ല, പോകും വരെ അങ്ങനെ പോകട്ടേന്നു വച്ചു. ഈയിടെ കടയില്‍ പോയപ്പോള്‍ ദത്തന്‍ ഒരു കാഴ്ച കണ്ടു- കുട്ടികള്‍ ബാസ്കിന്‍ റോബിന്‍സില്‍ നിരന്നു നിന്ന് ഐസ് ക്രീം കഴിക്കുന്നു. ഇദ്ദേഹം ഒരു രംഗവീക്ഷണം നടത്തി.

"അച്ച, ചേട്ട ദാ തൈരു കഴിക്കുന്നു"
ഞാന്‍ അത്ര പ്രതികരിച്ചില്ല. തിരിച്ചു വീട്ടില്‍ വന്നു.
"എനിക്കു തൈരു വേണം."
മിണ്ടാതെ ഒരു ബൗളില്‍ തൈരൊഴിച്ച് സ്പൂണുമിട്ട് കൊടുത്തു. പാവം.

അഡിക്ഷന്‍
ഇടയ്ക്ക് കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോല്‍ മാക്‌ഡൊണാള്‍ഡില്‍ നിന്നും ബര്‍ഗര്‍ വാങ്ങിത്തിന്നു. ദത്തന്‌ പാറ്റി ഒഴവാക്കി ബണ്‍ മാത്മേ കൊടുത്തുള്ളു.
"ഇഷ്ടമായോ മോനേ." എന്ന് അഭിപ്രായവും പാസ്സാക്കി ദത്തന്‍ മുഴുവന്‍ കഴിച്ചു.
(ചോദ്യം ഉത്തരം എന്ന വേര്‍തിരിവ് ദത്തനില്ല. ചോദ്യം തന്നെ ഉത്തരവും. മോനേ എന്നത് സ്നേഹം കൂടിയാല്‍ ആരെയും വിളിക്കുന്നതാണ്‌. 'അമ്മൂമ്മേ, സുഖമാണോ മോനേ' എന്നൊക്കെ ഫോണ്‍ ചെയ്തു ചോദിക്കാറുണ്ട്)

മറ്റൊരു വഴിക്കു പോയപ്പോഴല്ലേ, അവിടെയും മാക്ഡിയുടെ മഞ്ഞ ന.
"അച്ചാ, പാപ്പം വേണം മോനേ."
"എന്തു പാപ്പം വേണം?"
"ബ്രെഡും സാമ്പാറും."
"ങേ?"
കടയിലെ ഒരു ബര്‍ഗറിന്റെ പടം ചൂണ്ടിക്കാട്ടി
"ഈ ബ്രഡും സാമ്പാറും വേണം"
ബണ്ണും മയൊണൈസും കെച്ചപ്പും ഒക്കെയാണ്‌ ബ്രഡും സാമ്പാറും. ഹും.

4 comments:

ജയരാജന്‍ said...

മഞ്ഞ ‘ന’; ബ്രഡും സാംബാറും... ഹഹഹ; ദത്തൻ‌കുട്ടാ :)

സു | Su said...

ദത്തൻ‌കുട്ടാ, ഇനി ചേട്ടന്മാരു കഴിക്കുന്നിടത്തുനിന്നുതന്നെ അവരു കഴിക്കുന്നപോലത്തെ തൈരു മതിയെന്ന് പറയണം കേട്ടോ. :)

aneel kumar said...

ജങ്ക് കൊടുക്കാതെ നോക്കുന്ന സമീപനം ഗൊള്ളാം.
എന്നാലും പാവമല്ലേ മോനേ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ പോസ്റ്റിന്റെ ഒരു കോപ്പി എടുത്ത് വച്ചേക്കാം ദത്തന്‍ വലുതായാല്‍ അയച്ചു കൊടുക്കാനുള്ളതാ”മിണ്ടാതെ ഒരു ബൗളില്‍ തൈരൊഴിച്ച് സ്പൂണുമിട്ട് കൊടുത്തു. പാവം.
“--- ഹോ എന്തൊരു ചതി!!!!