Tuesday, March 11, 2008

ദത്തഭാഷ

എഴുത്തും വായനയുമാണ്‌ ഭാഷയെ സങ്കീര്‍ണ്ണമാക്കുന്നതെന്ന് സ്ക്രിപ്റ്റില്ലാത്ത ദത്തഭാഷ പഠിക്കുമ്പോഴാണ്‌ മനസ്സിലാവുന്നത്. അവന്‍ ആംഗ്യവും കൊച്ചുവാക്കുകളും കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയുന്നു. അവന്റെ വൊക്കാബുലറി ഇപ്പോള്‍ ഇത്രയും ആണ്‌:

അച്ഛ
അമ്മ
ചായ (എല്ലാ പാനീയങ്ങള്‍ക്കുമുള്ള പേര്‍)
പാപ്പ (ഖര രൂപത്തിലെ ഭക്ഷണം)
ടീ (ടീ വി)
ട്രീ (മരം)
ട്രീം... (ബെല്‍)
ടാറ്റ = യാത്ര പോകണം, യാത്ര പോകുന്നു, വിട
കീ = താക്കോല്‍
കട്ട് =ഫോണ്‍.( ഫോണില്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്‌ കട്ട് ചെയ്യല്‍)
സാ = ശാസ്ത്രീയ സംഗീതം
ടാറ്റ് = മറ്റെല്ലാത്തരം പാട്ടുകളും
ടാര്‍ = സ്റ്റാര്‍
അപ്പൂപ്പ
അമ്മൂമ്മ
അച്ചാച്ച = അഖീല്‍ ചാച്ച (നേരത്തേ വെറും അഖീല്‍ ആയിരുന്നു)
വാവ് = പ്രാവ്
വാവ = ചെറിയ കുട്ടി
ഭൗ = ബ്ലാക്കി
അപ്പിട്ടു = കക്കൂസില്‍ പോണമെടാ, പോകുകയാണെടാ, പോയിക്കഴിഞ്ഞെടാ
ഛേ! = എനിക്കിഷ്ടമല്ല, ഇഷ്ടമാകുന്നില്ല, ഇഷ്ടമായില്ല (യക്ക്)
ഹായ്= എനിക്കിഷ്ടമാണ്‌, ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെട്ടു (യമ്മി)
കാര്‍
ട്രക്ക്
ലൈറ്റ്
ഫൂ+ ആംഗ്യം = തീ, ഫയര്‍ അലാം, ഫയര്‍ എസ്റ്റിം‌ഗ്വിഷര്‍
ഓഫ്: സ്വിച്ച് ഓഫ്

ക്രിയ എന്നൊരു സൂത്രമുണ്ടെന്ന് അവനറിയില്ല. നാമം തന്നെ ക്രിയ, അതിനു കോണ്ടെക്സ്റ്റ് സപ്പോര്‍ട്ട് കൊടുത്തോളും.

താക്കോല്‍ക്കൂട്ടം ചൂണ്ടിക്കാട്ടി അതെന്തെന്നു ചോദിച്ചാല്‍ 'കീ' എന്നുത്തരം. അത് ക്രിയയാകുന്നത് ഇങ്ങനെ:
അടഞ്ഞ വാതില്‍ക്കല്‍ ചെന്നിട്ട് 'കീ' എന്ന് അവന്‍ പറയുന്നതിനു "വാതില്‍ തുറക്കൂ" എന്നാണ്‌ അര്‍ത്ഥം. തുറന്ന വാതിലാണെങ്കില്‍ "വാതില്‍ അടയ്ക്കൂ" എന്നും. ഒരു പുരോഗതി ഉണ്ടാവാന്‍ ഞാന്‍ വാതിലടച്ചിട്ട് "അടച്ചു" എന്നു പറഞ്ഞു നോക്കി. ഇപ്പോള്‍ അവന്‍ കതകിനു "അടച്ച്" എന്നാണു പേര്‍ വിളിക്കുന്നത്.

11 comments:

  1. ഇതായിരുന്നു നല്ലത്... ഒരുപാ‍ടൊന്നും പഠിക്കേണ്ടല്ലൊ...:)

    ReplyDelete
  2. ഫൂ ഫൂന്ന് പറഞാല്‍ ഒന്നില്ലെങ്കില്‍ ചൂട് അല്ലെങ്കില്‍ ചൂടാറ്റി തന്നാ മതി :)

    അമ്മായീടെ കണ്ണടിച്ച് പോവുമേ ചെക്കാ, അഛനോടൊന്ന് റ്റെപ്ലേറ്റ് മാറ്റാന്‍ പറ സ്ക്ര്പിറ്റ് എഴുതുമ്പോഴ്.

    ReplyDelete
  3. അല്ലേല്‍ ഈ അമ്മായിക്കെന്നത്തിനാ കണ്ണ്...

    ReplyDelete
  4. ഇങ്ങനെയൊക്കെത്തന്നെയായിരിക്കണം ദത്തന്‍റെ മുത്തഛനും മുത്ത്ശ്ശിയും സ്വന്തം മകന്‍റെ കൊഞ്ചലുകള്‍ മനസ്സിലാക്കിയതു്. ഒരുപക്ഷേ അന്നതു നമ്മള്‍ മനസ്സിലാക്കിയിരുന്നിട്ടുണ്ടാവില്ല.ദത്തന്‍ നമ്മെ അതു ഓര്‍മ്മിപ്പിക്കട്ടെ.

    ReplyDelete
  5. ഈ കാലം അച്ഛനും അമ്മയ്ക്കും വളരെ രസമാണ്.
    :-)

    ReplyDelete
  6. ഈ കാലം അച്ഛനും അമ്മയ്ക്കും വളരെ രസമാണ്.
    :-)

    ReplyDelete
  7. :)

    പൊട്ടിക്കാ എന്ന കായയെ കുറിച്ചു കേട്ടിട്ടുണ്ടോ? കുരുമുളകിന്റെ ശാസ്ത്രീയ നാമമാണു 'പൊട്ടിക്കാ'. കുരുമുളകു കുല ചൂണ്ടി അതു പൊട്ടിക്കാം നമുക്കു കേട്ടോ എന്നു പറഞ്ഞപ്പോഴാണു ഒരു വയസ്സുകാരിക്ക് അത് 'പൊട്ടിക്കാ' ആയത് .

    ReplyDelete
  8. അതൊക്കെ റെക്കോഡു ചെയ്ത്‌ വെക്കണേ. പിന്നെക്കേള്‍ക്കാന്‍ നല്ല രസണ്ടാവും. പിള്ളേര്‌ വേഗം വലുതാകും നമ്മുടെ മനസ്സ്‌ വലുതാകില്ലെങ്കിലും.

    ReplyDelete
  9. ദേവേട്ടാ...
    ആ ‘കക്കൂസില്‍ പോണമെടാ’ വായിച്ചു ചിരിച്ചു കുന്തം മറിഞ്ഞു. ദത്തന്‍ സാറിന്റെ ആ നേരത്തെ മുഖഭാവവും ഒന്നു സങ്കല്‍പ്പിച്ചു നോക്കി..പിന്നേം ചിരിപൊട്ടി...

    ഈ പരുവത്തിലെത്തിക്കഴിഞ്ഞ ബുജി തന്തമാര്‍ക്ക് വായിക്കാനായി മൂന്നു പൊത്തകങ്ങള്‍ സജസ്റ്റ് ചെയ്യട്ടെ :
    1. The Language Instinct : Steven Pinker
    2. Words and Rules : Steven Pinker (ഇതിലെ Kids say the darnedest things എന്ന അധ്യായം മാത്രം വായിച്ചാലും മതി വട്ടിളകാന്‍)
    3. Reflections on Language: Noam Chomsky (ഇച്ചിരെ പഴേതാ)
    ചോംസ്കിച്ചായനും പിങ്കര്‍ മാമനും ആശയപരമായി വല്യ അടിയാണെങ്കിലും അടയും ചക്കരയും പോലത്തെ ടീമുകളാണ്.

    ഏതായാലും ദേവേട്ടന്റെ ലിംഗ്വിസ്റ്റിക് ഗവേഷണത്തില്‍ ദത്തന്‍ നന്നായി സഹകരിക്കട്ടെ എന്ന് ആശംസിക്കുന്നു ;)

    ReplyDelete