Thursday, June 25, 2009

വാക്സിനേഷന്‍

ഇന്നലെ ദത്തനു വാക്സിനേഷന്‍ എടുക്കാന്‍ പോയി. രണ്ടെണ്ണം ഉണ്ടായിരുന്നതുകൊണ്ട് ചന്തിയുടെ രണ്ടു സൈഡിലും കിട്ടി.

ആശുപത്രിയില്‍ "ഡോറ"യുടെ ഒരു ചിത്രവും കുറേ പാവകളും തൂക്കിയിരുന്നതുകൊണ്ടായിരിക്കും സാര്‍ വയലന്റ് ആയില്ല.

ഡോക്റ്ററുമായി കമ്പനി ഇല്ലെങ്കിലും നഴ്സുമാര്‍ ദത്തന്റെ കൂട്ടുകാരികള്‍ ആണ്‌. അതുകൊണ്ട് സിസ്റ്റര്‍ ആന്റിമാര്‍ ചേര്‍ന്നാണ്‌ ഇന്‍ജ്ജക്ഷന്‍ എടുത്തത്.

യൂ വില്‍ ഫീല്‍ ഏ മൊസ്ക്വിറ്റോ ബൈറ്റ് എന്നത് ഞാന്‍ "ഇപ്പോ ഉറുമ്പു കടിക്കുന്നത് പോലെ തോന്നും എന്ന് തര്‍ജ്ജിമ ചെയ്തു കൊടുത്തു" . "കഴിഞ്ഞില്ലേ മോനേ" എന്ന അവന്റെ ചോദ്യം "ഈസ്ന്റ് ഇറ്റ് ഓവര്‍ യെറ്റ് എന്നു തിരിച്ചും"

പക്ഷേ ബ്രേവ് ബോയ് ആയതിന്റെ പ്രതിഫലത്തിനു തര്‍ജ്ജിമ ഒന്നും വേണ്ടി വന്നില്ല. ചോക്കലേറ്റ് ഡിമാന്‍ഡ് ചെയ്തു അവന്‍.

ഹൗ മെനി? വണ്‍,‍ ടൂ?
വണ്‍, ടൂ, ത്രീ, ഫോര്‍ ഫൈവ്, സിക്സ് സെവന്‍ എയിറ്റ്, നയന്‍ , ടെന്‍.

ഇത്രയും ചോദിച്ചിട്ടും രണ്ടെണ്ണമേ കിട്ടിയുള്ളൂ. വാശിക്ക് ലുലുവില്‍ പോയി ബാക്കി എട്ടെണ്ണം അങ്ങു വാങ്ങി, പിന്നല്ല.

പക്ഷേ, ലുലു കണ്ടപ്പോള്‍ ദത്തന്റെ സ്വഭാവം മാറി. "എനിക്കു കാറു വേണം മോനേ" .
ഒരു ടോയ് ട്രെയിനും ഡാന്‍സ് കളിക്കുന്ന പെന്‍‌‌ഗ്വിനെയും വാങ്ങിക്കൊടുത്തു.

ദത്താനന്ദ ഹഠയോഗി



ചിത്രം കൈപ്പള്ളി എടുത്തത്

Saturday, June 13, 2009

ആദ്യാക്ഷരം

എന്താ നമ്മള്‍ ആദ്യം തിരിച്ചറിയുന്ന അക്ഷരം? അ? A? അതോ ഇനി ഡി പി ഈ പി സ്റ്റൈലില്‍ "റ" ആണോ?

അക്ഷരം പഠിച്ചു തുടങ്ങും മുന്നേ തന്നെ ദത്തന്‍ ഒരക്ഷരത്തിനെ തിരിച്ചറിഞ്ഞു. ഒരക്ഷരമാല കണ്ടിട്ട് അവന്‍ അതില്‍ ഒരക്ഷരം തൊട്ടു

"G കണ്ടോ മോനേ"


ദീര്‍ഘകാലം ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്ത പരിചയം ആണ്‌ . G താഴെ പോകാന്‍ , 2 വീട്ടില്‍ പോകാന്‍.

ദത്തനും തീയറി ഓഫ് ഇവല്യൂഷനും


ചിത്രം വിക്കി പീഡിയയില്‍ നിന്ന്


ജന്തുക്കളാണ്‌ ദത്തനു ഏറ്റവും താല്പ്പര്യമുള്ള വിഷയം. ഞാനോ വിദ്യയോ ഒരിടത്തിരിക്കുന്നത് കണ്ടാല്‍ ഉടന്‍ അവന്‍ കുറേ പുസ്തകങ്ങളും താങ്ങി വരും- "നമുക്ക് പാച്ചാം മോനേ?"

പാച്ച് പാച്ച് ഒരു എം എസ് സി സുവോളജി കിട്ടാറായി എനിക്ക്. ഓരോ ജന്തുവിന്റെ പടം കാണുമ്പോഴും അതിന്റെ ഒരു വിവരണം കൊടുക്കണം- അതും നേരത്തേ പറഞ്ഞ പാഠം തന്നെ അല്ലെങ്കില്‍ അവനു ദേഷ്യവും വരും. ചീറ്റയുടെ പടം കാണിച്ചാല്‍ അതിന്റെ ഓട്ടത്തെക്കുറിച്ച് പറയണം ആദ്യം, പിന്നെ ചീറ്റയെയും ജാഗ്വാറിനെയും ടൈഗറിനെയും എങ്ങനെ തിരിച്ചറിയാം എന്ന് പറയണം. അത് ജിറാഫ് ആണെങ്കില്‍ ജിറാഫ് കുഞ്ഞു വാവയെ നക്കാന്‍ കഴുത്തു കുനിച്ചു വരുന്നത് കാണിക്കണം.

അങ്ങനെ പാച്ച് ഒരു ടൂക്കനെ ഞങ്ങള്‍ കണ്ടു.
"ഇത് ടൂക്കന്‍ ആണു മോനേ. അതിന്റെ ചുണ്ട് കണ്ടോ, സ്പൂണ്‍ പോലെ. ആ ചുണ്ട് വച്ച് ടൂക്കന്‍ ഇഷ്ടമുള്ളതെല്ലാം എടുത്ത് കഴിക്കും. ദത്തന്‍ സ്പൂണ്‍ വച്ച് ചോറുണ്ണില്ലേ അതുപോലെ."

ദത്തനു ടൂക്കനെ വളരെ ഇഷ്ടപ്പെട്ടു.

" ഈ ചുണ്ടുകൊണ്ട് ടൂക്കന്‍ സാമ്പാറ്‌ കോരി കുടിക്കും."

ഓ സാമ്പാറ് കുടിക്കാനുള്ള സൗകര്യത്തിനാണ്‌ ഇവന്റെ ചുണ്ട് ഗോകര്‍ണ്ണം പോലെ ആയത്. ഇവല്യൂഷന്റെ ഒരു പവറേ.

(ഇഷ്ടമുള്ളത് സ്പൂണ്‍ കൊണ്ട് തുടങ്ങിയ എന്റെ പ്രയോഗങ്ങളാണ്‌ അവനെ വഴി തെറ്റിച്ചത്. അവനിഷ്ടം സാമ്പാറാണ്‌)

തനിയാവര്‍ത്തനം

ദത്തനും ഞങ്ങളും ലുലു സെന്ററില്‍ സാധനങ്ങള്‍ വാങ്ങുകയാണ്‌. ഞാന്‍ ഒരു പാക്കറ്റ് ബണ്‍ എടുത്തു.
"ബ്രെഡ് എടുത്തോ മോനേ?"
"ബ്രഡ് അല്ല ദത്താ, ബണ്‍"
ദത്തന്‍ ഒരു പാക്കറ്റ് കൂടി എടുത്ത് എന്റെ കയ്യില്‍ തന്നു.
"ദാ, ടൂ."

അഞ്ചെട്ടു മാസം മുന്നേ "ട്രീ, ഫോര്‍, ഫൈ" എന്ന് മരങ്ങള്‍ എണ്ണിയതിന്റെ ആവര്‍ത്തനം.

ശരിയായ പ്രയോഗം

ചില വാക്കുകള്‍ നമ്മള്‍ പ്രയോഗിക്കുന്നത് അത്ര ശരിയല്ല. ദത്തന്‍ അത് പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.
വീട്ടില്‍ നമ്മള്‍ കസേരയില്‍ ഇരിക്കും. പക്ഷേ കാറില്‍ എന്തിനാ ഒരു സീറ്റ് പ്രയോഗം? വണ്ടിയിലെ ദത്തന്റെ ബേബി സീറ്റിനെ അവന്‍ "ദത്തന്റെ കസേര" എന്നാണ്‌ വിളിക്കുക.

ഞങ്ങള്‍ രാത്രി കുറച്ചു നടക്കാന്‍ ഇറങ്ങിയതാണ്‌. ദത്തനു തിരിച്ചു കയറണ്ടാ. ഞാന്‍ നയം പ്രയോഗിച്ചു
"രാത്രി ആയി മോനേ, എല്ലാവരും പോയി. ദാ ആ അങ്കിളിനെ കണ്ടോ? അങ്കിള്‍ വീട്ടില്‍ പോകുകയാ, നമുക്കും പോകാം"
ദത്തന്‍ മൊത്തത്തില്‍ പരിസരം വീക്ഷിച്ചു. സംഗതി ശരിയാണ്‌ എല്ലാവരും പോകുന്നു. അവന്‍ മേലേക്ക് നോക്കി
"അച്ഛാ വിമാനം പറന്ന് പോയി മോനേ. " (പോകുന്നു ആണ്‌ പോയി)
"ആണോ?"
"വിമാനം പറന്നു കൂട്ടില്‍ പോയി മോനേ"
അതല്ലേ നല്ല പ്രയോഗം. എന്തു താവളം, വിമാനക്കൂട്.

കലാസ്വാദനം

നമുക്ക് ആര്‍ട്ട് വര്‍ക്ക് ആസ്വദിക്കാന്‍ വല്യ പാടാ. ഒരു ഫോട്ടോ ഗാലറി അങ്ങനെ കണ്ടുപോകുകയാണ്‌ ഞാനും ദത്തനും. പീക്കോക്ക് ഉണ്ട്, കൂക്കഡൈല്‍ ഉണ്ട്, ഷീപ്പ് ഉണ്ട്, ഗില ഒണ്ട്. ഇതൊക്കെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസ്സിലായി.

അപ്പോ ദേ വരുന്നു ഒരെണ്ണം. ഒരു സ്ത്രീയുടെ ചിത്രം. മുറിക്കുള്ളിലെ ഇരുട്ടില്‍ നിന്നും ജന്നലിനു പുറത്തെ വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്നു. ഇതെന്താ സംഗതി? പ്രതീക്ഷ? ഏയ്- അവരുടെ മുഖത്ത് ഒരു തരം നിരാശയാണ്‌. അന്ധകാരത്തിന്റെ കൂരിരുളില്‍ നിന്നും വെളിച്ചത്തിന്റെ വെട്ടത്തിലേക്ക് നിരാശയോടെ നോക്കുന്ന ഒരുത്തി? ഇനി വെളിച്ചം ദുഖ:മാണുണ്ണീ ടൈപ്പ് വല്ലതും ആണോ? അവര്‍ കൈ ജന്നലില്‍ പിടിച്ചിരിക്കുകയാണ്‌- ഇരുട്ടിന്റെ തടവറ തകര്‍ത്ത് വെളിച്ചത്തിലേക്ക് പോകാന്‍ കഴിയാത്ത സങ്കടം ആണോ?

ഞാന്‍ സ്റ്റാളിയത് കണ്ട് ദത്തന്‍ ചോദിച്ചു
"എന്താ മോനേ?"
ഇവനോട് ചോദിച്ചു നോക്കാം, ചിലപ്പോ കറക്റ്റ് റിവ്യൂ കിട്ടും.
"ഈ ഫോട്ടോ എന്താ ദത്താ?"

ദത്തന്‍ മൊത്തത്തില്‍ പടം ഒന്നോടിച്ചു നോക്കി.
"ഇതോ? ഈ ആന്റിയുടെ വീട്ടില്‍ കറണ്ട് പോയതാ മോനേ."

അതായിരുന്നോ? ഞാന്‍ വെറുതേ ഇരുട്ടില്‍ തപ്പി.